Saturday, 19 October 2013


രാഘവന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലികൾ

പ്രമുഖ സംഗീത സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്വദേശമായ തലശ്ശേരിയിലെ തലായില്‍ നടക്കും.
മലയാളത്തിന്റെ തനതായ ഗാനശാഖയ്ക്ക് തുടക്കം കുറിച്ച മാസ്റ്റര്‍ക്ക് 2010 ല്‍ പത്മശ്രീ പുരസ്‌കാരവും 1997 ല്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് (1973,77) ലഭിച്ചിട്ടുണ്ട്. സ്വരലയ യേശുദാസ് അവാര്‍ഡ്, എം ജി രാധാകൃഷ്ണന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.
തമിഴ് ഹിന്ദി ഗാനങ്ങളില്‍ നിന്നും മലയാള ചലച്ചിത്രസംഗീതത്തെ വഴിമാറ്റിനടത്തിയ അതുല്യ പ്രതിഭയായിരുന്നു മാസ്റ്റര്‍ . പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നിവ ആയിരുന്നു ആദ്യചിത്രങ്ങള്‍ . ഇവരണ്ടും പുറത്തിറങ്ങിയില്ല. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിലൂടെയാണ് ആസംഗീതം മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയത്. നിലക്കുയിലിലെ കായലരികത്ത് വളയെറിഞ്ഞപ്പോള്‍ എന്നഗാനം സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു.
കണ്ണൂര്‍ തലശ്ശേരിയിലെ തലായി എന്ന സ്ഥലത്തെ സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗീത പഠനത്തിനുശേഷം ആകാശവാണിയിലെ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
യശോധയാണ് ഭാര്യ. വീണാധരി, മുരളീധരന്‍ , കനകാംബരന്‍ , ചിത്രാംബരി, വാഗീശ്വരി എന്നിവരാണ് മക്കള്‍ . മൃതദേഹം ഞായറാഴ്ച രാവിലെ 11 വരെ സ്വവസതിയിലും 11 മുതല്‍ 12 വരെ ബി ഇ എം പി ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും.
 ഈ സംഗീത കുലപതിക്ക് കുഴിത്തുറ സ്കൂളിന്റെ ആദരാഞ്ജലികൾ

No comments:

Post a Comment