Tuesday, 3 September 2013

സെപ്റ്റംബർ 5. അധ്യാപകദിനം 
 ഗുരുര്‍ബ്രഹ്മ ഗുരുര്‍വിഷ്ണു

ഗുരുദേവാ മഹേശ്വരാ

ഗുരുസാക്ഷാത് പരബ്രഹ്മ

തസ്മൈ ശ്രീ ഗുരുവേ നമ:

അജ്ഞാന തിമിരാന്ധസ്യ

ജ്ഞാനാഞ്ജന ശലാകയാ

തക്ഷുരുന്മീലിതം യേന

തസ്മൈ ശ്രീ ഗുരുവേ നമ:.......
 നാളെ ദേശീയ അധ്യാപക ദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു."നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കുംവേണ്ടി ആഘോഷിച്ചു കൂടേ." തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കുംവേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.
     അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.ഭാവിലോകത്തിന്‍റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും അധ്യാപക ദിനാശംസകള്‍.

No comments:

Post a Comment